Monday, May 18, 2015

നഗരമഴ


നഗരമഴയ്ക്ക്
നാടൻ‌മഴയേക്കാൾ
തലയെടുപ്പുണ്ട്.

മടമ്പുയർന്ന സ്ഫടികച്ചെരുപ്പും
കിന്നരിത്തലപ്പാവുമുണ്ട്.

വിദൂരദേശങ്ങളിൽ നിന്ന്
പരിചയിച്ച,
വഴക്കമുള്ള ഭാഷയും
ഉപചാരത്തിന്റെ വടിവുമുണ്ട്.

കോടതിയിലേക്കോ
കമ്പോളത്തിലേക്കോ
പണിശ്ശാലകളിലേക്കോ
യജമാനനോടൊപ്പം
നടന്നുപോകുമ്പോൾ

പറഞ്ഞറിയിക്കാനാകാത്ത
പത്രാസുമുണ്ട്.

കൃത്യമായ സമയവും
കിറുകൃത്യമായ സേവനവുമാണ്
അതിന്റെ മുഖമുദ്ര.

പകൽനേരങ്ങളിൽ,
തെരുവിന്റെ ഏങ്കോണിപ്പിലും
ടെറസ്സിൻ ചതുരങ്ങളിലും
വിശ്രമമില്ലാതെ വേലചെയ്യും.

നിരത്തുമുറിച്ചുകടക്കുന്ന
ജാഥകൾക്ക്,
ഇഴയിട്ടു കൊടുക്കും.

ഒഴിവുവേളയിലാകട്ടെ,
നഗരചത്വരം വരെ
ഒന്നോടിപ്പോയി വരും.

ബോട്ടുജട്ടിയോടോ
വിളക്കുമരത്തോടോ
തൂവനമൊന്നു മൊഴിഞ്ഞെങ്കിലായി.

പന്ത്രണ്ടാം നമ്പ്ര വീട്ടിലെ
ചിറ്റക്കാരി മുല്ലയോട്
കുളിരിൽ‌പ്പൊതിഞ്ഞെന്തോ
പറഞ്ഞെങ്കിലായി.

കൃത്യം പത്തരയ്ക്കു തന്നെ
യജമാനൻ
വിളക്കണയ്ക്കുമ്പോൾ,
പുറത്തു പായ വിരിച്ചുകിടക്കും.

‘എന്റെയെന്റെ‘ യെന്ന് പറഞ്ഞ്
രാ വെളുക്കുവോളം
കരയും.

നഗരമഴ,
ഒരു മഴയല്ല തന്നെ.

പിന്നെയോ,
നാടുപേക്ഷിച്ചുപോന്ന
ഒരു പ്രവാസി !!


Sunday, May 3, 2015

പച്ചകുത്ത്



ഈയിടെയായി
കവിതയെഴുതാൻ പേടിയാണെനിക്ക്!

കാരണം മറ്റൊന്നുമല്ല.

ഓരോരോ വരികൾ എഴുതിപ്പിടിപ്പിക്കുമ്പോഴും
എന്റേതെന്റേതെന്നു പറഞ്ഞ്
ചിലർ കടന്നുവരും.
കോടതി കയറ്റുമെന്ന് കണ്ണുരുട്ടും.
      
 ചിന്തകളോരോന്നങ്ങനെ
കാച്ചിക്കുറുക്കിയെടുക്കുമ്പോൾ,
കള്ളനെന്നു വിളിച്ചുകൂവി
വേറൊരുകൂട്ടരെത്തും.
നാടുവിട്ടോളാൻ പറയും.

മടുത്തു.

ആശയങ്ങളും
അലങ്കാരത്തിന്റെ നിറമുള്ള കുപ്പായങ്ങളും
എല്ലാം ഉപയോഗിച്ചുപഴകിയത്.

ആരെങ്കിലുമൊക്കെ
ഉരിഞ്ഞിട്ടത്.

ഓരോരുത്തരുടെ വിയർപ്പും
നെടുവീർപ്പും പതിഞ്ഞവ.

എനിക്കാണെങ്കിൽ,
പുതുമയുള്ള എന്തെങ്കിലും
കുത്തിക്കുറിക്കാഞ്ഞിട്ട്
ഒരിത് !!

സഹികെട്ട് ദൈവത്തെ വിളിച്ചുണർത്തിയപ്പോൾ
പറഞ്ഞുതന്നതു കേൾക്കണോ ?

“കവിതയെഴുത്തൊക്കെ കഴിഞ്ഞുപോയി കുഞ്ഞേ,
ഇതു പച്ചകുത്തിന്റെ കാലം.

ഹൃദയത്തോടു ചേർത്ത്,
സൂചികൊണ്ട്
മഷിമുക്കിയൊരു തുന്നൽ.

നൊന്തുനൊന്തു പോകുമെങ്കിലും
സാരമില്ല.
ആഴത്തിലൊരടയാളം തന്നെ ധാരാളം.”

കവിതയെഴുത്തു നിർത്തുകയാണു ഞാൻ

പകരം, പച്ചകുത്ത് പഠിക്കയും !!