Tuesday, February 17, 2015

‘വെളഞ്ഞ’ വിത്തും മരങ്കേറിയും-ഒരകവിത


(എത്ര മറന്നുപോകിലും ഒടുക്കം വള്ളിവീശിയെത്തുന്ന പ്രണയവിത്തുകൾക്ക്)


പണ്ടേ ‘വെളഞ്ഞ’ വിത്തായിരുന്നു.

മടിയിലും മുറത്തിലു-
മടങ്ങിക്കിടക്കുമായിരുന്നില്ല.

എത്ര തൂവിയിട്ടും പൊലിച്ചു
തന്നിരുന്നില്ല
പ്രണയത്തിന്റെ പറകൾ.

എത്രയടുക്കിയിട്ടും
നിറച്ചുതന്നിരുന്നില്ല
രുചിയുടെ കലവറ.

തിളനിലയിൽ
അരിക്കലത്തോടിടഞ്ഞും

ഉരപ്പുരയിലാ-
ളിമാരോടു ഞെളിഞ്ഞും

പാതിവെന്തും
പതിരായ് മറഞ്ഞും

പതുങ്ങി നടപ്പായിരുന്നെന്നും.

ഒടുക്കം,
അലോസരത്തിന്റെ-
യമാവാസി രാവൊന്നിൽ

കൈകാലുകൾ
കൂച്ചിക്കെട്ടി

ജീവനോടെ
കുഴിച്ചിട്ടുകളഞ്ഞു,
അസത്തിനെ.

തൃച്ചംബരത്തോ തൃക്കാക്കരയിലോ**
പോയിരിക്കാമെന്ന്
ചോദിച്ചവരോടൊക്കെ പറഞ്ഞു.

ഒട്ടുനാൾ കഴിഞ്ഞ്
ഒക്കെ മറന്നിരിക്കുന്നൊരു
പാതിരാമഴയത്ത്,
വാതിലിൽ മുട്ടോടുമുട്ട്.

ചുവന്നതൊപ്പിക്കാരെന്നു
നിനച്ച്
കീഴടങ്ങാൻ ചെല്ലുന്നേരം

പച്ചദാവണി ചുറ്റി
വള്ളിവീശി നിൽ‌പ്പാണല്ലോ

‘വെളഞ്ഞവിത്തൊ‘രുത്തി !

പോരാഞ്ഞിപ്പോൾ മരങ്കേറിയും !!



**( ‘തൃച്ചംബരത്തോ ഭജിക്കുവാൻ പോയി നീ, തൃക്കാക്കരയിലോ...‘ എന്നുള്ള ഓയെൻ‌വി സാറിന്റെ പ്രശസ്ത വരികൾ ഓർത്തുകൊണ്ട്)


Tuesday, February 3, 2015

ചില അലക്കുചിന്തകൾ



ക്ഷാരലായനിയിൽ മുങ്ങി
മരിച്ചുകിടക്കുമ്പോഴും
കാലുറകളിൽ നിന്നൂ-
ർന്നുപോകുന്നില്ല,
യാത്രകൾ തന്ന രസം
കാത്തിരിപ്പിന്റെ
ചുളിവ്,
അശ്വവേഗത്തിന്റെ താളവും.

ശിലയിൽ വീണുടയുമ്പോഴും
പാവുമുണ്ടിൽ നിന്നു
പൊഴിയുന്നില്ലോർമ്മ തൻ
കൂട്ട്
ജാഥകൾ തൻ സംഘശക്തി,
വ്രണിതമാമുടലിൻ സാദവും.

എത്രമുക്കിപ്പിഴിഞ്ഞിട്ടും
വിട്ടുപോകാതെ നിൽ‌പ്പുണ്ട്
സത്രങ്ങൾ ചൂടിത്തന്ന മണങ്ങൾ.
വാടകപ്രണയം.
രാത്രിവണ്ടികൾ തന്ന
നിദ്ര തൻ ‘ഘട ഘട’.

ലജ്ജ ചൂടിയ നേർത്ത
ദാവണിപ്പൂക്കൾക്കു മേൽ
പട്ടുനൂലോടിച്ചാരോ
വരച്ച
കുറുമ്പുകൾ.


എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
നിറംചോരാതെ നിൽക്കുമി-
സ്നേഹം
ഏതു മില്ലിൽ

നീ നെയ്തതാകാം ?