Sunday, January 25, 2015

ബിക്കിനി


( Bikini (n)- A two-piece swimming costume for women)


സുന്ദരികൾക്കു നീ
അഴകളവുകളുടെ വേദിയിലെ
അവസാനത്തെ വാക്ക്.

സത്യാന്വേഷികൾക്കാകട്ടെ
പൊരുളിനു മുമ്പിൽ വലിച്ചുകെട്ടിയ
ഏങ്കോണിച്ച തിരശ്ശീല.

വൃത്തഭംഗം വന്ന കവികൾക്കോ
നിരാനന്ദത്തിന്റെ ഈരടി !

കുമാരഗന്ധർവ്വന്മാർക്കാണെങ്കിൽ
സാക്ഷാൽകാരം തുറക്കുന്ന രഹസ്യവാക്ക്.

എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത
അപരീക്ഷിത കാരകം.

സ്ഥിരോത്സാഹികളായ
ചിലർക്കു
മാത്രം കിട്ടും
സ്വപ്നത്തിലൂടെ ഉത്തരം.

അവർക്കന്നേരം കാണാം
പൌർണമി തൂവിയ

ദിഗംബരം.

Monday, January 12, 2015

മുങ്ങാങ്കോഴി


അമ്മ പറഞ്ഞിട്ടു
മുങ്ങിയതാണ്.

നൂറെണ്ണിത്തീരുവോളം
കിടക്കണം
ജലത്തിന്റെ ഊടുപാവുകൾ
കണ്ടു കണ്ട്.

അതാണ് നിയമം
അതുമാറ്റാൻ പഴുതില്ല നമുക്ക്.

അമ്മ പന്തയം വച്ചു പോയതാണ്
ചിലരോട്.

ജയിച്ചാൽ
കിട്ടും പോലും
പഞ്ചായത്തു വക പൊന്നരി.

അതും ഒരു തുണിസഞ്ചി നിറയെ

നോട്ടം കൊണ്ടു
പൊട്ടാറായ നെഞ്ചുമൂടാൻ

അമ്മയ്ക്കും കിട്ടും
തുണിക്കടക്കാരുടെ വക
ഒരു പട്ടുചേല.

തീർന്നില്ല.
ചാനലുകളുടെ
സമ്മാനപ്പെരുമഴ ഇനി വേറെയുമുണ്ടു
പോലും.

എന്തായാലുമമ്മേ
ഞാനങ്ങുവരട്ടെ,
ലോകരായ ലോകർക്കൊക്കെ
നമുക്കൊരു പെരുനാളൊരുക്കിക്കൊടുക്കണം.

അതിരിക്കട്ടെ,
ജലനൂലുകൾ നോക്കി
ഞാനിങ്ങനെ കിടക്കുമ്പോൾ
നീയെന്തിനാണാവോ നെഞ്ചറഞ്ഞു വീഴുന്നത് ?

തൊണ്ണൂറ്റൊമ്പതെണ്ണി കഴിഞ്ഞ്
കമ്മറ്റിക്കാർ നിൽക്കുന്നെങ്കിൽ
നിന്നോട്ടെ !

അതിനു നമുക്കെന്തു ചേതം.

സമ്മാനമുറപ്പിച്ച്
ഞാനങ്ങുവരില്ലേ ?

ഏറിപ്പോയാലൊരു
മൂന്നുനാൾ.

അത്രതന്നെ !