Monday, March 24, 2014

മെയ്ഡ് ഇൻ ചൈന




( "ഇന്ത്യ ഇന്ത്യയുടേതെന്നും, ചൈന ചൈനയുടേതെന്നും ..... " എന്നു തുടങ്ങുന്ന പ്രസിദ്ധ വാചകം നാം കണ്ട രാഷ്ട്രീയപ്രതിഭകളിലൊരാളിന്റേതാണ്. അത്തരം ശൈലീവല്ലഭന്മാരെ നമുക്ക് മിക്കവാറും നഷ്ടപ്പെട്ടു കഴിഞ്ഞല്ലോ എന്ന ആകുലതയിൽ നിന്ന് ഉരുവം കൊണ്ടതാണ് ഈ വരികൾ.)


പണ്ട്,
അവർ അവരുടേതെന്നും
നാം നമ്മുടേതെന്നും
പറയുമായിരുന്ന
ചില വിഷയങ്ങളുണ്ടായിരുന്നു.


അതിരുകളിലും ചിന്തകളിലും
ആളിപ്പടർന്നു പിടിയ്ക്കുമായിരുന്നു
ചുവന്ന നിറമുള്ള
ചിലതൊക്കെ.


ഇപ്പോളതൊക്കെ മാറി


ഷെൽഫുകളിൽ
അടുക്കടുക്കായി വച്ചിരിക്കുന്ന,
അവരുടെ
കളിപ്പാട്ടങ്ങൾ
ഉപാധികൾ
ഉപകരണങ്ങൾ
എളുപ്പവഴികൾ


എല്ലാം വാരിവലിച്ചെടുത്ത്
കൂട നിറയ്ക്കുന്നേരം,
"ഒക്കെ ചൈനയാണെ" ന്ന്
ഞാനോർമ്മിപ്പിച്ചു കൊണ്ടിരുന്നു !!


ഒടുക്കം ബില്ലടച്ച്,
പുറത്തേക്കിറങ്ങുമ്പോളാണ്
നീ മറുപടി തന്നത്.


"ശരിയാണ്,
അവർ നമ്മുടേതെന്നും
നാം അവരുടേതെന്നും പറയുന്ന
സമത്വ സുന്ദര ലോകം,
എത്ര മിതവിലയ്ക്ക്
എന്തുനല്ല ഫിനിഷിങ്ങിൽ" !!

Saturday, March 15, 2014

കുറിഞ്ഞി





ആദ്യത്തെ ഓങ്ങലിനു തന്നെ
കീഴടങ്ങിയെന്നു
സമ്മതിച്ചു.

ഒമ്പതു ജീവനും
എണ്ണിയെടുത്തോളാൻ
പറഞ്ഞു.

എട്ടെണ്ണമെടുത്ത്
ഒമ്പതാമത്തേതെവിടെയെന്നു
ചോദിച്ചപ്പോൾ

കവിതയ്ക്കുള്ളിലാണെന്നു
കാണിച്ചുതന്നു.

വരികൾക്കിടയിൽ
പതുങ്ങിയും

കണ്ണടച്ചു
വാക്കിന്റെ രസം
കുടിച്ചും

മുക്തഛന്ദസ്സിലിരതേടി-
യുമങ്ങനെ
ജീവിയ്ക്കയാണു പോലും !

നോക്കുമ്പോൾ
നേരുതന്നെയാണ്.

ഇരുളിൽ‌പ്പതുങ്ങി
നിൽ‌പ്പുണ്ട്,
തീക്കണ്ണിന്റെ വേപഥു.

ഒടുക്കം
കൊല്ലാതെ
വിട്ടയയ്ക്കേണ്ടി വന്നു,
കവിതയുടെ കുറിഞ്ഞിയെ !!

Wednesday, March 5, 2014

ഇലപ്പച്ച




ഇലപ്പച്ചയൊരു
നിറമല്ല.

നിറഞ്ഞതിന്റെയും
നിലകൊണ്ടതിന്റെയും തെളിവല്ല.

വെച്ചതിന്റെയും
വിളമ്പിയതിന്റെയും ബാക്കിയല്ല.

കാതോർത്തു നിന്നു-
തലയാട്ടിയതിന്റെ പ്രസാദമല്ല.

വെളിവുപോലെ
പടർന്നേറിയ തണുപ്പുമല്ല.

പഴുത്തിലയ്ക്കു നീട്ടിക്കൊടുക്കുന്ന
ജുഗുപ്സ ചേർത്ത
പച്ചച്ചിരി മാത്രം.

വിലാപശ്രുതികളെയടക്കിക്കളയുന്ന
കോമാളിയുടെ
പുച്ഛച്ചിരി മാത്രം.