Tuesday, February 25, 2014

കൂട്ടിന്റെ വഴികൾ




‘എത്രനാളായി കണ്ടിട്ടെന്ന്‘
കരം നീട്ടി നീ ചിരിയ്ക്കുമ്പോൾ
തൊട്ടറിയുകയാണു ഞാൻ
മറന്നുപോയൊരു സൌഹൃദം.

നമുക്കിടയിലിണങ്ങാതെ-
യിരുൾപുൽകിയൊരു ധാരയെ
വെളിച്ചത്തിലേക്കു മെല്ലെ-
ത്തലോടിയൊഴുക്കുന്നു ഞാൻ.

നമുക്കുള്ളിൽപ്പാടാതെ-
യടക്കം ചെയ്തപാട്ടുകൾ
സ്വരചാരുതചാലിച്ച്
നിന്നിലേക്കണയ്ക്കുന്നിതാ.

നാമൊന്നിച്ചുകാണാതെ
മാഞ്ഞേപോയ കാഴ്ചകൾ.

നാമൊന്നിച്ചു നനയാതെ
പെയ്തേപോയ മഴത്തളിർ.

നാമൊന്നിച്ചുമുങ്ങാതെ
യന്യം നിന്ന പുഴക്കുളിർ.

നമ്മിലേക്കു നോക്കാതെ
പൂക്കാതായ പകൽമരം.

നാമില്ലാതെ,യാടാതെ
വാടാറായ കിനാവുകൾ.

ഒക്കെയോർത്തെടുക്കുന്നു നീ
ഒപ്പം കൂടുന്നു ഞാനും.
എന്തു നിസ്തുലമീ സ്നേഹം
എത്ര ജന്മങ്ങൾ തീരിലും !!

‘എത്രവാടിപ്പോയെന്ന്’
നിശ്ശബ്ദം നീ തുളുമ്പുമ്പോൾ
കാലത്തിൻ കരകൌശലമെ-
ന്നാരുപിന്നിൽ ചിരിക്കുന്നൂ ?

ഏതു കൌശലം പണിഞ്ഞാലും
തിളക്കം മായാത്ത കുസൃതിയിൽ
നീ ചിരിച്ചേ നിൽക്കുമ്പോൾ
വേറെന്തിനു പൌർണമി !

നേർത്തനീലവെളിച്ചത്തിൽ
നാമൊന്നിച്ചു കുളിയ്ക്കുമ്പോൾ
നിന്റെ വണ്ടിവന്നെന്ന്
ചിതറിത്തീരുന്നറിയിപ്പുകൾ.

‘എന്നിനിക്കാണുമെന്ന്‘ കരം മുകർന്നു
നീ ചിരിക്കവേ
തൊട്ടറിഞ്ഞു നിൽപ്പൂ ഞാൻ
ലക്ഷദ്ദീപനിർഝരി !!

Sunday, February 2, 2014

തുള്ളിനീലം




ആകാശത്തിന്റെ അന്തസ്സത്തയാണ്

ആഴിതന്നാഗാധതയ്ക്കൊപ്പം
സമം ചേർത്ത്
കുപ്പിയിലടച്ചു വച്ചതാണ്.

ഹൃദയത്തോളം
നിറംചോർന്നുപോയ വസ്ത്രങ്ങളോ
അതല്ല
വസ്ത്രങ്ങളോളം
വെളിച്ചംകെട്ട ഹൃദയമോ
എന്തുമാകട്ടെ

കേവലമൊരുതുള്ളി മതിയാകും
വെണ്മയുടെ വിസ്മയമൊരുക്കാൻ !

മുക്കിപ്പിഴിഞ്ഞുണക്കി
ഇസ്തിരിവടിവിൽ
ഉടുത്തൊരുങ്ങിയിറങ്ങുമ്പോൾ

മഹാശയൻ !
താങ്കളൊരലങ്കാരം തന്നെയാകുന്നു
വീടിനും വീഥികൾക്കും.

നിന്റെചിന്തകൾ നോക്കിനിൽക്കുന്നൂ
വിൺഗംഗകൾ

നിൻപദം ചേർന്നു
മെല്ലെ മിടിപ്പൂ പെരുങ്കടൽ

(ആരുമേകാണുന്നില്ലെ-
ന്തൊരാശ്വാസം,
നീലച്ഛവി തൂവി നാം
മറച്ചിട്ട നരച്ച പ്രണയങ്ങൾ !!)

ആകാശത്തിന്റെ അന്തസ്സത്ത തന്നെയാണിത്
തൽക്കാല മറവിയുടെ തുള്ളിനീലവും.