Tuesday, January 14, 2014

വേഗപ്പൂട്ട്




മദ്ധ്യവയസ്സിലോടുന്ന
എന്റെ പ്രണയത്തിന‌്

ഈയിടെയായി
അമിതവേഗമാണെന്ന്
പ്രിയതമയുടെ സാക്ഷ്യം.

ആളേറിയ നിരത്തുകളിൽ
ഗൌരവച്ചില്ലുയർത്തി വച്ച്

തൊട്ടുതൊട്ടില്ലെന്നു
പാഞ്ഞുപോകുന്നതായി
തെരുവുകളുടെ നീരസം.

ഓർമ്മകൾക്കിടയി-
ലൊരുവേള പോലും

നിർത്തലില്ലാതെ-
യോടിമറയുന്നത്

‘എന്തു ക്രൂര‘മെന്നു
കൂട്ടുകാരുടെ പിണക്കം.

ഏറെത്തളർന്ന്
വീടണയുമ്പോഴല്ലേ രസം !

കാത്തിരിപ്പുണ്ടെന്നെ,
വേഗപ്പൂട്ടു വിൽക്കുന്ന
കടയിൽ നിന്നെത്തിയൊരു
യൌവനം !!

Wednesday, January 8, 2014

ജീവന്റെ തെളിവുകൾ




(തെളിവാർന്ന പുതുവർഷം നേർന്നുകൊണ്ട്)

ജീവിച്ചതിന്
കുറെ തെളിവുകൾ
ഹാജരാക്കേണ്ടി വന്നു.

നടന്നവഴികൾ
വായിച്ചറിഞ്ഞവർ
നനഞ്ഞമഴകൾ

പ്രതീക്ഷയോടെയാണ്
ഓരോരുത്തരെയും
സമീപിച്ചത്.

നടന്നുപോയതിനും
ചുമടിറക്കി വച്ചി‌,
ളവേറ്റതിനും
സാക്ഷികളുണ്ട്.

അക്ഷരസ്നാനപ്പെട്ടതിനും
അടിവരയിട്ട്,
അർത്ഥം കൊണ്ടതിനും
രേഖകളുണ്ട്.

ഒറ്റക്കുടയിലലിഞ്ഞതിനും
കുളിർകോരിനിന്ന്,
മഴപ്പൂവിറുത്തതിനും
അടയാളങ്ങളേറെയുണ്ട്.

എന്നാലും,
ജീവിച്ചതിനു മാത്രം
തെളിവുകൾ തീരെയില്ല.

അവസാനം,
സാക്ഷികളുടെയും
തെളിവിന്റെയു-
മഭാവത്തിൽ

കേസു തള്ളുമെന്നായപ്പോൾ

തെളിഞ്ഞുവരുന്നുണ്ടല്ലോ
കവിതയുടെ കരതലാമലകം.

അതിലെമ്പാടുമെഴുതി വച്ചിട്ടുണ്ട്,
ജീവന്റെയവസാനിക്കാത്ത ചവർപ്പും
പിൻപറ്റിയിറ്റു മധുരവും.