Saturday, October 19, 2013

നെയ്ച്ചോറ്


ഊണുമേശയിലെത്തുമ്പോൾ
രുചിയുടെ പല കടലുകൾ

‘ഇതിലേ ഇതിലേ’ യെന്നിരമ്പി
മണത്തിന്റെ ചില തെരുവുകൾ

അപ്പോളടർത്തി വച്ച‌ കനികൾ
കനവുകൾ

ശ്രദ്ധയോടുപചാരം പാടുന്ന പിയാനോ.

അടഞ്ഞും പാതികൂമ്പിയും
അലങ്കാരപ്പൂക്കളോടൊരു വേള
പേരുചോദിച്ചും

ഒരിലയോ
നാരോ
രുചിച്ചു നോക്കുമ്പോളാകട്ടെ

കടൽ പൊടുന്നനെ നിലച്ചുപോയ പോൽ !
തെരുവുകൾ നേരത്തെയടഞ്ഞുപോയ പോൽ !!

നിലച്ച തിര നീന്തി
നീലിച്ച വഴി താണ്ടി

വീട്ടിലെത്തുമ്പോഴേക്കും
രാവേറിയിരിയ്ക്കുന്നു.

മാർജ്ജാരപദച്ചേലിൽ
കുശിനി തുറക്കുമ്പോൾ

എന്തൊരു ഭാഗ്യം !
അമ്മയുറങ്ങാതിരിപ്പുണ്ട്.

അരികി-
ലോർമ്മയിട്ടു വറ്റിച്ച

നെയ്ച്ചോറല്പം !!

Tuesday, October 8, 2013

സസ്തനി


ജന്തുശാസ്ത്രത്തിൽ നിനക്ക്

ഉല്പത്തിയോളം പ്രായം വരും.

 

കവിതയിൽ

നനഞ്ഞുകുതിർന്നൊരു വരി നീ.

 

കാട്ടിൽ

കനകാംബരം മറച്ച ഈറ്റില്ലം.

 

ആദ്യത്തെ വിശപ്പുമായുള്ള

വിശുദ്ധ ഉടമ്പടി.

 

തെരുവിലിറങ്ങി നടക്കുമ്പോളാകട്ടെ

ഒളിനോട്ടത്തിന്റെ നിർഝരി.

 

ആച്ഛാദനം ചെയ്ത മുറുക്കത്തിനു മേൽ

തുറുകണ്ണന്റെ കിന്നരി.

Monday, October 7, 2013

പാട്ടുപെട്ടി







നിന്നിലേക്കുള്ള ദൂരം
 'മൂന്നുപാട്ടെ'ന്നറിഞ്ഞു ഞാൻ.

സുറുമയെഴുതിയതാണാദ്യം
താമസമെന്തേയെന്നു പിന്നെ
മൂന്നാമത്തേതു ഞാൻ പറയില്ല.

മൂന്നുപാട്ടും കഴിഞ്ഞ്
നിന്നിലെത്തി നിൽക്കുമ്പോൾ

 പാട്ടുപെട്ടിയിൽ ഷിഫ്റ്റു മാറുന്ന നേരം .

ബാബുക്കയ്ക്കു പകരമിനി
കമ്പോളനിലവാരം.