Sunday, March 24, 2013

ശ്രേഷ്ഠമലയാളം



എഴുത്തച്ഛന്റെ കിളിക്കൂടാണ്‌


ആദ്യമേ അഴിച്ചുമാറ്റിയത്.



തുടർന്ന്,

വീണുപോയെങ്കിലും

സുഗന്ധം പൊഴിച്ചുകൊണ്ടിരുന്നൊരു പൂവിനെ

നിർദ്ദയം തുടച്ചു കളഞ്ഞു.



മധുരം വഴിഞ്ഞ്

ഉൾമുറികളൊന്നിൽ കിടന്നിരുന്ന

പൂവമ്പഴത്തിന്റെ കൂട

കിട്ടിയ വിലയ്ക്ക് കാശാക്കുകയും ചെയ്തു.



അനാവശ്യചെലവുകൾ വേണ്ടെന്നുകരുതി

ഇന്ദുലേഖയെയും തോഴിയെയും

ഒഴിവാക്കി.



രമണനോ അപ്പുക്കിളിയോ

മേലിൽ തൊടിയിൽക്കടന്നു പോകരുതെന്നും

വിലക്കി.



കുറെക്കാലമായി

വെറുതെയിരിക്കുകയായിരുന്ന കളിയച്ഛന്‌

അല്ലറ ചില്ലറ കൊടുത്ത്

കണക്കുതീർത്തു.



‘അരക്ഷണം പോലും കണ്ടുപോകരു’തെന്ന്

അയ്യപ്പനെയാട്ടിയോടിച്ചു.



അക്കാഡമി യോഗം കഴിഞ്ഞ്

ജ്യേഷ്ഠകവിയും ആമിയോപ്പുവും വരുന്നേരം

പടിപ്പുര തുറന്നുപോകരുതെന്നും



ബാലനിനിമേൽ

അന്നം* കൊടുത്തുപോകരുതെന്നും

കല്പിച്ച്,



സ്വസ്ഥനായി.



ഇനിയെന്തുചെയ്യുമെന്ന

താങ്കളുടെ ചോദ്യത്തിൽ

കഴമ്പില്ല സുഹൃത്തേ !



കള്ളന്റെ ആത്മകഥയും

കാമശാസ്ത്രവും കൂട്ടിനുണ്ട്.



അതുമതി !!





(* അതേപേരുള്ള ബാലചന്ദ്രകവിതയിൽ വൈലോപ്പിള്ളിയുടെ സാന്നിദ്ധ്യവുമുണ്ട്.)







Sunday, March 17, 2013

തിരസ്കൃതൻ



എത്രയടി വിശ്വാസം കാണുമെന്നറിയാൻ


മുങ്ങിനോക്കിയതാണ്‌, നിന്നിൽ.



സമ്മതിച്ചില്ലവർ.



അരുമയോടെ കോരിയെടുത്ത്

കരയ്ക്കിട്ടു കളഞ്ഞു.



പ്രാണധാര ബന്ധിച്ച്

നിന്നെത്തന്നെ ധ്യാനിച്ചുനിന്നതാണ്‌.



സഹിച്ചില്ലവർക്ക്.



സൂക്ഷ്മതയോടറുത്ത് നിലത്തിട്ടുകളഞ്ഞു.



എന്തുമാത്രം മധുരിക്കുമെന്നറിയാൻ

രുചിച്ചുനോക്കിയതാണു നിന്നെ.



രസിച്ചില്ലാർക്കും.



കടവായിലൂടൊലിച്ച പ്രണയമത്രയുമൊപ്പി

പച്ചോലകൊണ്ടു പറ്റെ

മറച്ചിട്ടു കളഞ്ഞല്ലോ.



ഇനിയെന്തുചെയ്യുമെന്നറിയാൻ

ശ്വാസമടക്കി-

ക്കിടന്നപ്പോഴല്ലേ രസം.



തിരസ്കരിയ്ക്കപ്പെട്ട സ്നേഹമെന്നോ

മാറാതെ പോയ ചെക്കുകളെന്നോ

മറ്റോ പറഞ്ഞ്



പലതായെന്നെ

കൊത്തിനുറുക്കിക്കളയാൻ

തുടങ്ങിക്കഴിഞ്ഞല്ലോ ചിലർ !!