Wednesday, December 19, 2012

മാംസദൂരം


(ആത്മജയുടെ ഇളംശരീരത്തെപ്പോലും നുള്ളിപ്പകുത്തു തിന്നുന്ന ഈ ഭക്ഷണകാലമേതാണ്‌?)




വാരാന്ത്യത്തിലെ മേളത്തിന്‌

പെണ്ണിറച്ചി മതിയെന്നു

കൂട്ടുകാർ.



ആവിയിൽപ്പുഴുങ്ങിയോ

ലഹരിയിൽ പൊതിഞ്ഞെടുത്തോ

പെണ്ണിറച്ചി മതിയെന്നവർ.



അപ്പോൾ തുടങ്ങിയ ഓട്ടമാണ്‌.



അരമനയു-

മങ്ങാടിയത്രയും തിരഞ്ഞിട്ടും

കണക്കൊത്തു വരുന്നില്ല.



പതിവുകാരും

പഴമക്കാരുമേറ്റിട്ടും

അളവൊത്തു വരുന്നില്ല.



അടുക്കളയുരപ്പുര

കുളിക്കടവുകളൊരുങ്ങീട്ടും

അഴകുമൊത്തു വരുന്നില്ല.



ആശയറ്റു പിൻവാങ്ങുമ്പോൾ

പടിപ്പുര തുറന്നുവരുന്നുണ്ട്

ആദ്യജാതയുടെ ചിരി.



ഇപ്പോൾ ഞങ്ങൾക്കിടയിൽ

കുസൃതിയുടെ തിരക്കില്ല.



ഉള്ളതൊരൈഡിയായുടെ തിളക്കം.




വെറുമൊരു മാംസദൂരത്തിൽ !



Monday, December 17, 2012

പ്രണയപയോധി


( കാണെക്കാണെ മറഞ്ഞു പോകുന്ന പ്രണയത്തിന്‌ )




കടലാണ്‌.

എന്നാലുമത്രയ്ക്കൊരു കടലല്ല താനും.



സാഗരവിചാരമേതുമില്ല.

ആകാശപ്പരപ്പിലെങ്ങുമൊരു വിനയചന്ദ്രികയുമില്ല.



നീണ്ടിടം പെട്ടൊരു നദിയെന്നു വിളിച്ചാലോ?



വിളിയ്ക്കാം.

പക്ഷേയൊരു മുഴുനദിയെന്നങ്ങനെ പറഞ്ഞുകൂടാ.



പിച്ചവച്ചും തെളിഞ്ഞുമൊരു ജലദർപ്പണം.

അരികിലൊരു കടലാസുനൗക.

അത്രതന്നെ.



അപ്പോൾ കിണർമരമായിരിയ്ക്കുമല്ലോ?

ശരിയാണ്‌, സാമ്യങ്ങളേറെയുണ്ട്.



ചുറ്റിത്തിരിഞ്ഞു്, കാൽച്ചുവട്ടിലേക്കു തന്നെ

കുഴഞ്ഞുവീഴുന്ന മൗനം.



വാഗർത്ഥങ്ങളടക്കം ചെയ്തിരിക്കുന്ന

അതേ ഗർത്തം.



എന്നാൽ തൂമതേടും തൻ പാള കാണാനില്ലെന്നൊരു

വീഴ്ചയുണ്ടെന്നതോർക്കണം.



പിന്നെന്തുവിളിയ്ക്കും നമ്മൾ

മുന്നാഴിവെള്ളത്തിന്റെയീ വെള്ളിക്കിലുക്കത്തെ?



കുപ്പിവെള്ളമെന്നല്ലാതെ.



ഒന്നാലോചിച്ചാൽ,

കൈസഞ്ചിയിലൊതുക്കി

യാത്രപോകയും



തെരുവിലെങ്ങാനും മറന്നുവെക്കയും

ചെയ്യുന്ന



ഇതിനെ

പ്രണയപയോധിയെന്നെങ്ങനെ

വിളിയ്ക്കും നമ്മൾ !!