Tuesday, January 3, 2012

പതിനേഴുകാരിയെ എഡിറ്റ്‌ ചെയ്യുമ്പോള്‍

ഇത്രയേറെ നിലാച്ചിരിവേണ്ടെന്നു പറഞ്ഞ്‌
ചിറകുമുറിച്ചുകളഞ്ഞത്‌ അച്ഛനാണ്‌.

ജാലകത്തിലൊരു ചതുരക്കടല്‍ മാത്രം തന്ന്
ആകാശമത്രയുമിടിഞ്ഞുപോയതറിയാം.

മരങ്കേറിയുടെ വികൃതിക്കൈയെന്നുപറഞ്ഞ്‌
വല്ലിയത്രയുമഴിച്ചുകളഞ്ഞത്‌ പൊന്നാങ്ങളയാണ്‌.

കാണെക്കാണെപ്പൊഴിഞ്ഞു പോയതറിയാം
കാടോര്‍മ്മയുടെ ചിറ്റം.

വേണ്ട! മഴക്കറുമ്പിയോടൊത്തുള്ള കൂട്ടെന്നു മുരണ്ട്‌
പടിവാതിലടച്ചുകളഞ്ഞതു പാറോതിയാണ്‌.

ആടിയറുതിയ്ക്കു മുമ്പേ പിണങ്ങിപ്പോയതോര്‍ക്കുന്നുണ്ട്‌
മയിലമ്മയും മക്കളും.


ഇനിയെന്തുബാക്കിയെന്നു
സന്ദേഹപ്പെട്ടു പരതുമ്പോള്‍

എന്റെയര്‍ക്കസൂര്യദിവാകരന്മാരേ
അധികമൊന്നുമില്ല ഞാനിനി
അധികമൊന്നുമേയില്ല ഞാനിനി

ഒരുപാതിയിലൊളിഞ്ഞ്‌
തളത്തിലും
ചാവടിയിലും
വെട്ടിയൊരുക്കി വച്ച ബോണ്‍സായ്‌

മറുപാതിയില്‍ത്തെളിഞ്ഞ്‌
നിരഞ്ജന
നിര്‍മ്മല
നിവേദിതയെന്നിങ്ങനെ
ദാവണിയില്‍പ്പൊതിഞ്ഞെടുത്ത പലഹാരം

അത്രതന്നെ.

Monday, January 2, 2012

എഴുത്തുപരീക്ഷയിലെ ചില വെല്ലുവിളികള്‍

വേട്ടക്കാരെത്തേടിയുള്ള
എഴുത്തുപരീക്ഷയില്‍
പെണ്ണിനെക്കുറിച്ചൊരു ചോദ്യം.

കൂടെ നാലുത്തരങ്ങളും.

-ജ്യാമിതീരൂപങ്ങള്‍ക്കിടയില്‍ വീണുപോയ ഒരിതള്‍
- കരുണയറ്റ വീടകങ്ങളില്‍പ്പെട്ടുപോയ ഇമ്പമുള്ള കാറ്റ്‌
- കാലാവസ്ഥകള്‍ തുറക്കാനുള്ള രഹസ്യവാക്ക്‌
- പൂത്തുലഞ്ഞ താഴ്വരയില്‍ ഒട്ടിച്ചുവച്ച കൃഷ്ണമൃഗം

എന്നിങ്ങനെ.

ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ സന്ദേഹമായി
ഇതിലേതാണ്‌ ശരിയുത്തരം?
ഇതിലേതല്ല ശരിയുത്തരം?

എത്ര ചിന്തിച്ചിട്ടും
അവര്‍ക്കാര്‍ക്കും ഒരുനിഗമനത്തിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല.

പാവനമായ ഒരു തിരിച്ചറിവോടെ
അവരതിനെ വെറുതെ വിട്ടു.

ചോദ്യമുയര്‍ത്തിയ രസകരമായ വെല്ലുവിളി
കണ്ടില്ലെന്നിരിക്കാന്‍
ഒരുത്തനു മാത്രം കഴിഞ്ഞില്ല.

പരീക്ഷകഴിഞ്ഞ്‌
തിരിച്ചുപോകുന്ന വഴിയില്‍
അവനിടയ്ക്കൊരിടത്തു ബസ്സിറങ്ങി.

പിന്നെ, തപ്പിത്തടഞ്ഞ്‌
താഴ്വാരത്തിലേക്ക്‌ തനിച്ചുനടന്നു.

അപ്പോഴുമവിടെ നില്‍പ്പുണ്ട്‌
നമ്മുടെ ചോദ്യത്തിലെ കൃഷ്ണമൃഗം.

തോക്കില്‍ ഘടിപ്പിച്ച ദൂരദര്‍ശിനിയിലൂടെ
താഴ്വാരം മുഴുവന്‍ നിവര്‍ത്തിയിട്ടതിനു ശേഷം
ജന്തുകുലത്തെക്കുറിച്ചവന്‍ കൂടുതല്‍ പഠിയ്ക്കാന്‍ തുടങ്ങി.

അത്തരം ചോദ്യങ്ങള്‍ക്കിനിമേല്‍
ഉത്തരം കിട്ടാതെപോകരുത്‌
എന്ന ശാഠ്യത്തോടെ.