Wednesday, December 14, 2011

ഡിസംബര്‍

രാത്രിവണ്ടിയുടെ അവസാനത്തെ മുറിയാണു നീ.

പകുതിയിലേറെയിടം ആശംസാക്കാര്‍ഡുകള്‍ക്കും
ബാക്കി യാത്രികര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.

ഓടിക്കിതച്ച്‌ വണ്ടിയൊരിടത്തു വന്നുനില്‍ക്കുന്നുണ്ട്‌.

മഹാകവിയുടെ പേരുള്ള അതേ സ്റ്റേഷന്‍.
അതെ പുഴ.

ആവര്‍ത്തനം പോലെ,
പ്രാര്‍ത്ഥനയുടെ മുഖലാവണ്യമുള്ളൊരുവള്‍
ഇരുളിലേക്കിറങ്ങുന്നുണ്ട്‌.

പിന്‍പറ്റിയൊരുവനും.

മുറിഞ്ഞുപോയൊരു വിളി കേള്‍ക്കാന്‍
കാത്തിരുന്നവരോട്‌
ഞാന്‍ പറഞ്ഞു.

ഇക്കുറി മരണത്തിന്റെ പെരുക്കമില്ല.
പകരം പിറവിയുടെ കരച്ചില്‍.

അവസാനമുറിയിലേക്ക്‌ രശ്മി വിതാനിച്ച്‌
അത്യുന്നതങ്ങളിലൊരേക താരം.

Monday, December 12, 2011

ഒന്നാമന്‍

(ഏഴു ബില്ല്യണ്‍ കഴിഞ്ഞും കുതിയ്ക്കുന്ന ജനനമെന്ന മഹാത്ഭുതത്തിന്‌)



വെടിയൊച്ചയുടെ ഞെട്ടലില്‍
ചിതറിയോടിയതറിയാം.

നീണ്ടുമെലിഞ്ഞ കാലുകളില്‍ക്കുതിച്ച്‌
ഓടിയോടി
മറുകരയെത്തുമ്പോള്‍

ഒന്നാമനെക്കാത്ത്‌
നീ നില്‍പ്പുണ്ട്‌.

'എന്റെ പൊന്നേ'യെന്ന്
മാറോടണച്ചലിയിക്കും മുമ്പ്‌
നീ പറയുന്നതെനിക്കു കേള്‍ക്കാം.

'പിറവിയുടെ നിമിഷമാണ്‌'.

Sunday, December 11, 2011

ജപ്തി

ജപ്തി ചെയ്യാന്‍ വന്നവരോട്‌
കട്ടിലുകള്‍ പറയുകയാണ്‌.

"നിദ്രയുടെ കണക്കുകള്‍ കൂടിയെടുത്തോണം.
എത്രയാഴത്തിലെത്ര
നിലയിലെത്ര
യടുക്കുകളിലെന്ന് മറക്കാതെ കുറിയ്ക്കണം"

കസേരകളും പറയുന്നുണ്ട്‌ ചിലതൊക്കെ.

" കാത്തിരുന്ന നിമിഷങ്ങളെപ്പറ്റി
ചില വിവരങ്ങളൊക്കെ വേണം.
കൂട്ടിരുന്ന പകലിന്റെ-
യേതു മരത്തില്‍
ഏതു ചില്ലയില്‍
ഏതിലയിലെന്നു ഹൃദയം തൊട്ടെഴുതണം".


ഇരുള്‍ച്ചുവരുകള്‍ക്കകത്ത്‌
നിറഞ്ഞും കിലുങ്ങിയും നിന്ന്
തുളുമ്പുന്നുണ്ട്‌
ചില ജംഗമങ്ങള്‍.

" എത്ര കിണര്‍ തേകിയെന്ന്
എത്ര കടല്‍ കുടിച്ചെന്ന്
ഏതു കിനാച്ചെടികള്‍ക്കെത്രനേരം പകര്‍ന്നെന്ന്
വിശദമായിട്ടെഴുതണേ".

ജപ്തി ചെയ്യുന്നവര്‍ വന്ന്
വീടകങ്ങളഴിച്ചിട്ട്‌
മുറ്റത്തടുക്കി മടങ്ങിയിട്ടും
മുറികള്‍ പിന്നെയും നിറഞ്ഞുതന്നെ.

ചുമലില്‍ ചേര്‍ത്തുപിടിച്ചും
വിരല്‍തൊട്ടു ഞെരിച്ചും
മുട്ടിയുമുരുമ്മിയും
നിറകണ്ണാല്‍ കൊളുത്തിയും
മുറികളങ്ങനെ നിറഞ്ഞുതന്നെ.