Sunday, October 23, 2011

ഒരു പുലിക്കഥ

(എ.അയ്യപ്പന്, സാദരം)

കവിതയിലെപ്പുലിക്ക്
ജീവൻ കൊടുത്തത് അയ്യപ്പനാണ്.

എന്തായാലും ഇത്തവണ അതു കരുണ കാട്ടി,
അയാളെപ്പിടിച്ചു തിന്നില്ല.

പകരം ദണ്ഡനമസ്കാരം ചെയ്ത് കൂടെക്കൂടി.

വരികൾ അടുക്കിവച്ചും
വാക്കുകൾ നിറച്ചുകൊടുത്തും

ബിംബങ്ങളെയും അലങ്കാരങ്ങളെയും
മൃഗസഹജമായ കൊതിയോടെ നോക്കി
നുണഞ്ഞുനിന്നും
അതങ്ങനെ കാലം കഴിച്ചു.

ഇടയ്ക്കിടെ
അയാളുടെ കവിതകളിലെ ഗർജ്ജനങ്ങൾക്ക്
ശബ്ദം കൊടുത്തും

കിനാവഴികളിൽ തീക്കണ്ണുരുട്ടി മുരണ്ടും

അതൊരു തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും
ശ്രദ്ധിക്കപ്പെടാതെ പോയി.

ഏകാന്തത്തിൽ എത്രയും രമിച്ചും
ആൾക്കൂട്ടപ്പെരുവഴിയിൽ ഉപ്പുപോലലിഞ്ഞും

ഇരകളിലേക്കുള്ള വഴിയെല്ലാം മറന്ന്
ദയാസിന്ധുവായ് വർത്തിയ്ക്കുകയാണ്
തന്റെ ശൈലിയെന്നറിഞ്ഞും

പുലി വിനീതവിധേയനായി.

അങ്ങനെയിരിക്കെ ഒരുനാൾ
തൃഷ്ണയാലലംകൃതമായ നിലാപ്പച്ച കണ്ടപ്പോൾ
അതിന് തന്റെ കാടോർമ്മ വന്നു.

ആമരമീമരം നിരന്നു നിന്ന വഴികൾ കടന്നു്
അതു തന്റെ
ഉളിപ്പല്ലുകൾ വീണ്ടെടുത്തു.

അനന്തരം
തന്റെ യജമാനനു മേൽ കാവ്യനീതി നടത്തി
തെരുവുപേക്ഷിച്ച്
കാട്ടിലേക്ക് മടങ്ങി

Tuesday, October 18, 2011

ഇടപ്പള്ളി

ഇടപ്പള്ളി-

ആലുവായ്ക്കും കൊച്ചിയ്ക്കുമിടയിലുള്ള
ഒരു സ്ഥലനാമമാണെന്നു പറഞ്ഞാൽ
തെറ്റി.

സാധാരണയിൽക്കവിഞ്ഞ്
നിറം മുക്കിയെടുത്തൊരു
നീലകണ്ഠമായിരുന്നത്.

പ്രണയവഴികളെക്കുറിച്ച്
പഠനക്കുറിപ്പു തയ്യാറാക്കിക്കൊണ്ടിരുന്ന
രാത്രിയിൽ

ഒരു മണിയൊച്ചയുടെ പിൻപറ്റി
പരകായപ്രവേശത്തിനു
പോയതാണ്.

ഒമ്പതടിയുയരത്തിൽ,
ഓവർക്കോട്ടിൽപ്പൊതിഞ്ഞ
ശരീരം തൂക്കി

'മടങ്ങിവരും, പ്രത്യേകം സൂക്ഷിയ്ക്കണേ' യെന്ന്
കുറിപ്പുമെഴുതി ലക്കോട്ടിലിട്ട്
ഇരുട്ടിലേക്കിറങ്ങിയതാണ്.

കുറിപ്പും കവിതയും തമ്മിൽ
തിരിച്ചറിയാതിരുന്ന ചിലരുടെ
കൈയബദ്ധത്തിൽപ്പെട്ട്

അശരീരിയായിപ്പോയി.

Sunday, October 16, 2011

ദംശനം

കുളപ്പടവുകളിലേക്കു തിരിയുന്നേരത്താണ്,
കാലിലെന്തോ തൊട്ടത്.

തിടുക്കത്തിൽ വീട്ടിലെത്തി
റാന്തലിന്റെ ബോധത്തിൽ നോക്കുമ്പോളുണ്ട്,
നീലിച്ച രണ്ടു വിരാമചിഹ്നങ്ങൾ
കണങ്കാലിൽ പറ്റിച്ചേർന്നിരിക്കുന്നു.

ജീവിതത്തിലേക്ക് നോക്കിപ്പേടിപ്പിച്ച്.

കോൾവായ്ക്ക് രണ്ടിഞ്ചുമുകളിൽ
മുറുക്കിക്കെട്ടി ചോരവാർത്തിട്ടും
ഒഴിഞ്ഞുപോകുന്നില്ല വേവലാതിയുടെ പെരുമഴ.

ഹൃദയത്തിലേക്കിടയ്ക്കിടെ ചൂട്ടുവീശി
മിന്നലിന്റെ കൊടിമരം.

ഇടംകണ്ണിലേക്ക് വിളക്കുതെളിച്ചുനോക്കി
നാഡിയുഴിഞ്ഞ്
നാട്ടുവൈദ്യനൊടുക്കം പറഞ്ഞു.

'ആദ്യപ്രണയത്തിന്റെ ദംശനമാണ്.
മരുന്നില്ലാത്ത ഇതിന്റെ ജ്വരസന്ധികളിൽപ്പെട്ട്
താങ്കളൊരു പക്ഷേ നഷ്ടപ്പെട്ടു പോയേക്കാം.'

ആശയറ്റ്
തിരിച്ചുനടക്കവെ കാണുന്നുണ്ട്.

ഗഗനനിശ്ശബ്ദതയിൽ നിന്നുൽപ്പതിച്ചൊരു
മഞ്ഞൾക്കല
മുറിവുകളുടെ പുഷ്കരിണിയിലേക്ക്
സ്വയംതൂകിപ്പരക്കുന്ന ദൃശ്യം.

Tuesday, October 4, 2011

തുന്നൽക്കാരൻ

കവിതയെഴുത്തിനിരിക്കുമ്പോൾ
അലോസരപ്പെടുത്തി ചിലർ വരും.

മറന്നുപോയ ചില വാക്കുകൾ
വ്യാകരണപ്പച്ച മാഞ്ഞ ചില മുഴക്കങ്ങൾ
എണ്ണയോടാതെ കിടന്ന്
കിരുകിരുത്തുപോയ ചില പ്രശസ്ത സന്ധികൾ

എന്നിങ്ങനെ നിരവധി.

കവിതയിൽ ഒരവസരം തേടിവരുന്നതാണ്.

ആൾക്കൂട്ടത്തിന്റെ ചൂടിലേക്ക് ഒരിക്കൽക്കൂടി
ഒരലിയൽ.

തീരെ വെളിച്ചമില്ലാത്ത ആദിയിലോ
ധൃതിപ്പെട്ടിറങ്ങുന്ന അന്ത്യവാക്യങ്ങളിലോ
എവിടെയായാലും വേണ്ടില്ല.

അപ്രധാനമായ ഒരു പറ്റിക്കൂടൽ.

അത്രമാത്രം.

'നോക്കട്ടെ'യെന്നു മൂളി
സഹജാവബോധത്തിന്റെ വെട്ടത്തിലേക്ക്
ഞാനൊന്നു പൂത്തിറങ്ങാൻ
തുടങ്ങുമ്പോഴേക്കും

അയാൾ കടന്നു വരവായി.

'കവിത വേണ'മെന്നു പറഞ്ഞ്
വിശ്രുതപത്രാധിപരുടെ വിശ്വസ്ത സുഹൃത്ത്.

അയാളുടെ തോൾസഞ്ചിയിൽക്കാണും
വാക്കുകളുടെ സഞ്ചയം
വരികളുടെ കടൽ
വികാരങ്ങളുടെ വേനൽ.

ഒക്കെ
വടിവഴകുകളൊപ്പിച്ച്
പശകൊണ്ടുചേർത്ത്
അയക്കോലിലിട്ടാൽ മതി.

പുറത്ത്
വിളികാത്തുനിന്ന ചിലരോട്
ആവഴിപോയൊരു മഴയാണതു പറഞ്ഞത്.

'കവി വീടുമാറികേട്ടോ,ഇപ്പോളൊരു തുന്നൽക്കാരൻ'.

Saturday, October 1, 2011

ഗാന്ധിനിലാവ്

വെള്ളനൂൽ നൂറ്റ്
തൊണ്ണുകാട്ടിച്ചിരിച്ച്
മണ്ണിലിഴിയും നിലാവിനെ നോക്കി
മുത്തശ്ശി പറഞ്ഞു.
"ഗാന്ധിയെപ്പോലുണ്ട്."

മൂക്കുകണ്ണട ലേശം താഴ്ത്തി
കിനാക്കണ്ട്
നഗ്നമാർവിടത്തെ-
യലസം പുതപ്പിച്ച്
ദ്രുതഗമനം നടത്തുമൊരു നിഴലൊരുവേള
കണ്ടുവോ ഞാനും?

തൊഴുകൈകളോടൊരു പുരുഷാരം
പിൻപറ്റി വരുന്നുണ്ടെന്നും തോന്നി.

അതിശീഘ്രം
തിരിയും ചർക്കയിൽ
നിസ്വഗ്രാമങ്ങൾ ചേർത്ത
പരുത്തിക്കഴികൾ മെല്ലെ-
ക്കടയുന്നെന്നും തോന്നി.

പുരുഷാർത്ഥങ്ങൾ രണ്ടുചുവടാല-
ള'ന്നിനിയെവിടെയെന്നു'
ശാന്തം
ഹരിയോടാരാഞ്ഞിട്ട്

ഞങ്ങൾക്കു മുന്നിൽ
തെല്ലകലത്തവിടുന്നു
ധ്യാനനിഷ്ഠനെപ്പോൽ കൂമ്പി
മെല്ലെയൊന്നമരുമ്പോൾ

ആരുമേകാണുന്നീല

വാനിലമ്പിളിത്തെല്ലിൻ
മുന്നിലേക്കെത്തും രാഹു !

ചോരവീണുവോ മണ്ണിൽ.

അഗ്നിപീഠത്തിൽ നിന്നു
മുക്തമായ് പറക്കുന്ന
കുഞ്ഞുപ്രാർത്ഥന മാത്രം ഞങ്ങൾ കേൾക്കുന്നൂ.

'ഹേ ! റാം'