Saturday, August 6, 2011

വീഞ്ഞ്

തീരെ മറന്നുകളഞ്ഞ
ഒന്നുരണ്ടു സൗഹൃദങ്ങൾ

വിരസമായ് പോയെങ്കിലും
മധുരം വിടാത്തൊരു പ്രണയം

രസമുന്തിരികളുടെ ബാക്കിവന്ന ശരീരം

വീടുപൂട്ടിയിറങ്ങുമ്പോൾ
ഇത്രയുമാണകത്തുണ്ടായിരുന്നത്.

വ്യാഴവട്ടത്തെ പ്രവാസം കഴിഞ്ഞ്
ഇന്നു വീണ്ടും മുറിതുറന്നുകയറുമ്പോൾ

കഴുത്തോളം ലഹരിപതയുന്നൊരു
വനവഹ്നി-
യെതിരേൽക്കുകയാണെന്നെ.

അനേകം വേനലുകളിലും
മഴയിലും
വസന്തത്തിലുമഭിരമിച്ച്

അടക്കംവന്ന
വീഞ്ഞിന്റെ മണം
പൊതിഞ്ഞുപിടിക്കയാണെന്നെ.

Wednesday, August 3, 2011

പോക്ക്

ശ്വാസധാര വിങ്ങി
അസ്വസ്ഥനായ മുത്തച്ഛനോട്
ദൈവം പറഞ്ഞു.

'കാറ്റുവിതച്ചിരുന്നവനെ
എനിയ്ക്കോർമയുണ്ട്.
ഇനി നീ
കൊടുങ്കാറ്റുകളുടെ ഇരിപ്പിടം
കാണുക.'

ബോധത്തിന്റെ ചെറുമേഘങ്ങളെ
കൂട്ടിലേക്ക് തിരിച്ചയച്ച്
ആകാശം പറഞ്ഞു.

'ഒരിക്കൽ എന്നോടൊപ്പം
വളർന്നു പൊങ്ങിയവനല്ലേ?
അന്നു മറന്നു വച്ച
കിരീടമിതു കാണുക.'

അനന്തരം
അഗ്നിമുഖനായ പകൽ
അയാളെ സ്ഫുടം ചെയ്തെടുത്തു.

മഴത്തളിരുകൾ പൊഴിയുന്ന
നീർമാതളച്ചോട്ടിൽ
മണ്ണ്
വിവസ്ത്രയായ് കാത്തുകിടന്നു.

പതിവുപോലെ ജലത്തിനു മാത്രം
ഉരിയാട്ടമില്ല.

ഞാൻ നോക്കുമ്പോൾ

നാവിൽ നിന്നടർന്ന്
തൊണ്ടയിലേക്കെങ്ങനെയെത്തുമെന്ന്
ചിന്തിച്ചു വിയർക്കയാണ്, ഭാഗീരഥി.