Wednesday, July 20, 2011

കർക്കിടകം

നടപ്പായിരുന്നു നാം
രാവിലെ മുതൽ തന്നെ.

അന്യോന്യം വിവർത്തനം ചെയ്ത്
മതിവരാതെ,
വീണ്ടും വീണ്ടും തിരുത്തിയുമെഴുതിയു-
മുറക്കെ വായിച്ചും

നടപ്പായിരുന്നു നാം
ഇന്നലെ മുതൽ തന്നെ.

ചരിഞ്ഞും ചാഞ്ഞും
പിന്നെ മരമായ് പെയ്തും

ചിലവേള

മഴനൂൽ കെട്ടിയൊറ്റ-
ക്കുടയെ വരിഞ്ഞിട്ടും

പനിയു-
മിറവെള്ളക്കുളിരും
പകുത്തിട്ടും

നടപ്പായിരുന്നല്ലോ നാം
എന്നെന്നേ മുതൽ തന്നെ.

ഇനിയൊരു
പുഴകൂടി-
( നിറഞ്ഞിരു-
തീരവും മറച്ചെങ്കിലും
സ്നേഹോദ്യുക്ത)
യതുതുഴഞ്ഞപ്പുറ-
മെത്തണമിന്നേ നമ്മൾ.

അക്കരെക്കാട്ടിൻ
വഴിത്താരയിൽ വിളിദൂരം
നടന്നേറിയാലെത്തും
രാത്രിവണ്ടി തന്നിടം.
(സ്വാസ്ഥ്യമെന്നു പേരുള്ള ദൂരനഗരത്തിലേക്കുള്ള)

ഇടറും തീര-
മാടിസ്സന്ധ്യ തൻ
തിരോഭാവം.

കടവിൽ മെരുങ്ങാതെ
വഞ്ചിയും കിനാക്കളും

'എങ്ങനെകടക്കുമീ സാഗരോന്മുഖി'യെന്നു
പ്രജ്ഞയും പ്രതീക്ഷയു
മുറക്കെച്ചോദിക്കുമ്പോൾ

ചുമലിൽവീണ്
ശാന്ത-
മലിഞ്ഞേ പടരുന്നൂ
പുതുസ്വപ്നത്തിൻ പർപ്പിൾ
വീണ നിൻ ചിരിമുഖം.

ചോദ്യബാക്കി

ഉറക്കത്തിൽ മരിച്ചുപോയ
ഉറ്റസുഹൃത്തിന്റെ
മുഖം കാണുകയായിരുന്നു ഞാൻ.

പ്രശാന്തിയുടെ ജലമുഖത്തെ-
യുടയാതെ കോരിയെടുക്കുന്ന
കൈക്കുമ്പിൾ കണക്കെ,
അതെത്ര ദീപ്തം.

സ്തോഭലേശമില്ലാതെ
വഴിഞ്ഞ്
പ്രാർത്ഥനയുടെ പരൽരൂപം പോലെ.

'വിശദമായി പിന്നെപ്പറയാമെ'ന്ന
പതിവു വാചകം
പുഞ്ചിരിവരകളിൽ കൊരുത്തിട്ട്, അവൻ.

അടുക്കും
ഉപചാരങ്ങളും കഴിഞ്ഞ്
അവനെപ്പിരിഞ്ഞിറങ്ങുമ്പോൾ

അത്ഭുതമെന്നെ വിട്ടുപോയിരുന്നില്ല.

ആളൊഴിഞ്ഞൊറ്റയ്ക്കായപ്പോൾ
ഞാൻ ദൈവത്തോടു ചോദിച്ചു.

കടങ്ങളും
തിരിച്ചടവും
കവിതയും

നിരന്തരം കാവൽ നിൽക്കുമായിരുന്ന
അവന്റെ വാതിലുകൾ
തുറക്കാതെ,
അവിടുന്നെങ്ങനെ-
യാണകത്തുകടന്നത് ?

ശമനവേദത്തിലെ-
യേതുദ്ധരണി വീശിക്കൊണ്ടാണ്
നീയവനെയണച്ചുകളഞ്ഞത് ?

വിളിച്ചിറക്കും മുമ്പ്
ഒപ്പു വച്ചിട്ടുള്ള
ആ ഉടമ്പടിയുടെ കാതലെന്തായിരിക്കും ?