Monday, February 14, 2011

എരിവ്‌

വൈകിട്ട്‌-
ആഘോഷങ്ങൾക്കൊപ്പം
നാവിൽ ചേർത്ത ഉപദംശത്തിന്‌
പതിവിൽക്കവിഞ്ഞ എരിവ്‌

അശരീരിയെങ്കിലും
പൂർവ്വജന്മസ്മൃതിയുള്ള
മുളകുപറഞ്ഞു.

"ശുഭസന്ധ്യ ! സഖാവേ, നീയെന്നെയറിയും!
നാമൊരേ വേനൽ തിന്നവർ
ഒരേമഴനൂലുനൂറ്റവർ
ഒരേസ്വപ്നത്തിന്നഴിയാക്കുരുക്കി-
ന്നക്കരെയിക്കരെ രാപോക്കിയോർ.

ഓർമ്മയുണ്ടാകും-
നീ നിറം കുറഞ്ഞവൻ
ധ്യാനം ശീലിച്ചവൻ
കവി

കർഷകൻ നിന്നോടുപറഞ്ഞു
മണ്ണിന്നടിയിൽ മഴവേരുകൾ തേടി
പ്രാർത്ഥിച്ചുകൊണ്ടേയിരിക്കാൻ

നിറവും കരുത്തുമുള്ള
എന്റെ ഉടലും
അമ്ലരസമൂറുന്ന ചിന്തകളും
രുചിരസികർക്കിടയിൽ
ദീർഘനാൾ ചർച്ച ചെയ്യപ്പെടുമെന്നും
അയാൾ പ്രവചിച്ചു.

അങ്ങനെയാണു ഞാൻ മോക്ഷപദം നേടിയത്‌

ഇത്‌ സൗഹൃദത്തിന്റെ രസവൈഭവം
ഇതു നീ തൊട്ടെടുത്താലും."

1 comment:

ഒരില വെറുതെ said...

എരിഞ്ഞെരിഞ്ഞ് നമ്മുടെ ആഘോഷവേളകള്‍. എരിഞ്ഞെരിഞ്ഞ് നമ്മുടെ ഉള്ളിലെ എരിവുകള്‍. ഞെരിഞ്ഞ് പൊടിഞ്ഞ് നമ്മുടെ ജീവിതം, ഇതുപോലെ, മുളകുപോലെ.