Monday, February 14, 2011

എരിവ്‌

വൈകിട്ട്‌-
ആഘോഷങ്ങൾക്കൊപ്പം
നാവിൽ ചേർത്ത ഉപദംശത്തിന്‌
പതിവിൽക്കവിഞ്ഞ എരിവ്‌

അശരീരിയെങ്കിലും
പൂർവ്വജന്മസ്മൃതിയുള്ള
മുളകുപറഞ്ഞു.

"ശുഭസന്ധ്യ ! സഖാവേ, നീയെന്നെയറിയും!
നാമൊരേ വേനൽ തിന്നവർ
ഒരേമഴനൂലുനൂറ്റവർ
ഒരേസ്വപ്നത്തിന്നഴിയാക്കുരുക്കി-
ന്നക്കരെയിക്കരെ രാപോക്കിയോർ.

ഓർമ്മയുണ്ടാകും-
നീ നിറം കുറഞ്ഞവൻ
ധ്യാനം ശീലിച്ചവൻ
കവി

കർഷകൻ നിന്നോടുപറഞ്ഞു
മണ്ണിന്നടിയിൽ മഴവേരുകൾ തേടി
പ്രാർത്ഥിച്ചുകൊണ്ടേയിരിക്കാൻ

നിറവും കരുത്തുമുള്ള
എന്റെ ഉടലും
അമ്ലരസമൂറുന്ന ചിന്തകളും
രുചിരസികർക്കിടയിൽ
ദീർഘനാൾ ചർച്ച ചെയ്യപ്പെടുമെന്നും
അയാൾ പ്രവചിച്ചു.

അങ്ങനെയാണു ഞാൻ മോക്ഷപദം നേടിയത്‌

ഇത്‌ സൗഹൃദത്തിന്റെ രസവൈഭവം
ഇതു നീ തൊട്ടെടുത്താലും."

സ്വകാര്യം

കവിയാകുന്നതിനു മുൻപ്‌
മോഷണമായിരുന്നു തൊഴിൽ

പ്രണയം വീണുനനഞ്ഞ കവിതകൾ..
ചെമ്പരത്തിപോലെ തുടുത്തവ..
ഇടിമുഴക്കി പെയ്യുന്നവ..

ഒക്കെയൊക്കെ
ഓരോരോ കവിമനസ്സിന്റെയും
പിൻ വാതിൽ തുറന്നു
കവർന്നെടുക്കും

അനന്തരം...
കാണാതായ സുഹൃത്തുക്കൾക്കു വേണ്ടി
മഷിയുടെ സാന്ത്വനം പുരട്ടി
സൂക്ഷിച്ചുവയ്ക്കും.

വെളിച്ചം കാണാതിരുന്ന കവിതകൾ
ആദ്യമൊന്നും മെരുങ്ങിയിരുന്നില്ല.

ഉടമസ്ഥനിലേക്കു മടങ്ങി പോകാനാകാതെ
നിർന്നിദ്രം
അവർ ഗർജ്ജിച്ചു കൊണ്ടിരുന്നു.

ഒരുനാൾ
സ്മരണകളിൽനിന്നു വേർപെട്ട്‌
അന്ധരായ പൂച്ചക്കുട്ടികളെപ്പോലെ
അവർ ശാന്തരായി.

എന്നിട്ടും
ഇന്നും ഞാൻ പേടിച്ചുകൊണ്ടിരിക്കുന്നു.

കവിത നഷ്ടപ്പെട്ടവർ
ഒരുനാൾ എന്നെക്കണ്ടെത്തുമെന്നും
വിചാരണയ്ക്കു ശേഷം
അവരുടെ ഹൃദയങ്ങളിലേക്കു
നാടുകടത്തുമെന്നും.