Sunday, December 19, 2010

ഒറ്റപ്പെട്ട കവി

എനിക്കു കവിതയെഴുതാൻ
വാക്കുകളുടെ വലിയ പ്രപഞ്ചമോ
ബിംബങ്ങളുടെ ദുരൂഹസൌന്ദര്യമോ
ഒന്നും വേണ്ട.

സ്നേഹം
മഴ
പ്രതീക്ഷ
അത്ര മാത്രം മതി..

കവിതയുടെ
സുന്ദരമായ ഒരുടൽ
ഞാൻ വരച്ചെടുക്കും.

ചൊൽക്കാഴ്ചകളുടെ
ഘനഗംഭീരമായ സദസ്സുകളിൽ
സവിനയം
അതു മുൻനിരയിൽത്തന്നെ
വന്നിരിക്കും.

അർത്ഥമില്ലാത്ത
നെടുനീളൻ പ്രകടനങ്ങൾ കണ്ട്
അതിന്റെ പേലവമനസ്
നൊന്തു വിങ്ങും.

സദസ്സുവിടാൻ ഒരുങ്ങുന്ന
അതിനെ പിൻപറ്റി
അനുവാചകരാരും വരില്ല.
നീയും വരില്ല.

ചെറുതെങ്കിലും ക്രമബദ്ധമായ
കാൽവെയ്പ്പുകളോടെ
നിരത്തു മുറിച്ച്
വിശ്വാസമെന്നു പേരുള്ള
തെരുവിൽ
അത്
അപ്രത്യക്ഷമാകും

പെൺകടൽ

പെൺകടൽ അങ്ങനെയാണ്

കടൽക്കാക്കകൾക്കൊപ്പം
രഹസ്യങ്ങളിൽ നുരഞ്ഞ്
കാലക്ഷേപം ചെയ്തുകൊണ്ടിരിക്കും

ചില ഏകാന്തസന്ധ്യകളിൽ
കാൽപ്പനികതയിലേക്കൊന്നു പൂത്തിറങ്ങിയാലായി.
വിസ്മയിപ്പിക്കുന്ന ചില ചന്ദ്രോദയങ്ങളിൽ
പ്രണയകാവ്യങ്ങളിലേക്കൊന്ന്
ഒളിനോട്ടം നടത്തിയാലായി.

അത്ര തന്നെ.

തിരനോട്ടങ്ങളില്ലാതെ-
വൻകരകളുടെ സ്നേഹപ്പകർച്ചയ്ക്ക്
വശംവദമാകാതെ
അരൂപിയുടെ ആത്മാവിഷ്ക്കാരമായി
നിലകൊള്ളുകയാണ്
അതിന്റെ രീതി.

എന്നാലും
കറുപ്പുവെളുപ്പു ചിത്രങ്ങളുടെ കാലം
ഒരിക്കൽ അവസാനിക്കും.

വർണചിത്രങ്ങളൊപ്പുന്ന
പുത്തൻ ഛായാഗ്രഹണയന്ത്രവുമായി
പ്രണയാതുരനായ ഒരാൾ
അതിലേ വരും.

അയാളുടെ കരകൌശലത്തിന്റെ
സൂക്ഷ്മവ്യാപാരത്തിൽപ്പെട്ട്
ഒരായിരം ഉദയാസ്തമയചിത്രങ്ങളിലേക്ക്
പെൺകടൽ വിച്ഛിന്നമാകും.

പിന്നെ-
വ്രതഭംഗത്തിന്റെ
രക്തസ്നാതമായ നദികളിലൂടെ
അതു തിരിച്ചൊഴുകാൻ തുടങ്ങും.